രഞ്ജിത്തിനെതിരെ പരാതി നല്കിയ നടി കോൽക്കത്തയിൽ നിന്ന് മാറി
Thursday, August 29, 2024 6:27 PM IST
കോൽക്കത്ത: രഹസ്യമൊഴി എടുക്കാനുള്ള നീക്കം പോലീസ് നടത്തുന്നതിനിടെ രഞ്ജിത്തിനെതിരെ പരാതി നല്കിയ നടി കോൽക്കത്തയിൽ നിന്ന് മാറി. തനിച്ച് ഒരു യാത്ര പോവുകയാണെന്ന് നടി ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റിൽ പറയുന്നു.
നാളെ തന്റെ ജന്മദിനമാണെന്നും ഒറ്റയ്ക്കുള്ള യാത്രയിലൂടെയാണ് നാളെ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും തന്നെ ആരും ബന്ധപ്പെടരുതെന്നും നടിയുടെ പോസ്റ്റിൽ പറയുന്നു. സമ്മർദം താങ്ങാന്‍ കഴിയാത്തതിനാൽ തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന് നടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൽക്കത്തയിൽ നിന്ന് തന്നെ മാറി നിൽക്കാൻ നടി തീരുമാനിച്ചിരിക്കുന്നത്. അതേസമയം നടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി. പരാതിയിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.