കാഫിര്‍ സ്ക്രീന്‍ഷോട്ട്: വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി
Thursday, August 29, 2024 1:09 PM IST
കൊച്ചി: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
ജസ്റ്റീസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. മുഹമ്മദ് കാസിമിന്റെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ചുമത്തി കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
പലരുടെയും മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയിട്ടിയിട്ടുണ്ടെന്നും അതില്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി നൽകി. ഈ ഘട്ടത്തിൽ അന്വേഷണത്തെക്കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചേർക്കണം എന്ന ഹർജിക്കാരന്റെ വാദം പരിശോധിക്കാൻ അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും സെപ്റ്റംബർ ആറിലേക്ക് മാറ്റി.