നടന്മാര് അടക്കമുള്ളവര്‍ക്കെതിരായ പരാതി; നടിയുടെ രഹസ്യ മൊഴിയെടുക്കും
Thursday, August 29, 2024 9:16 AM IST
കൊച്ചി: നടനും സിപിഎം എംഎല്‍എയുമായ മുകേഷ് അടക്കം ഏഴ് പേര്‍ക്കെതിരേ ലൈംഗിക പീഡന പരാതി നല്കിയ കൊച്ചിയിലെ നടിയുടെ രഹസ്യമൊഴിയെടുക്കും. ഇതിനായി കൊച്ചിയിലെ കോടതിയില്‍ പോലീസ് അടുത്ത ദിവസം അപേക്ഷ നല്‍കും.
വിവിധ സ്റ്റേഷനുകളിലായി എടുത്ത കേസുകളില്‍ ഒറ്റ രഹസ്യമൊഴിയാകും രേഖപ്പെടുത്തുക. കൊച്ചിയിലെ നടിയുടെ പരാതിയിൽ നടന്മാർ അടക്കം ഏഴ് പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
നടനും എംഎൽഎയുമായ മുകേഷിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മരട് പോലീസ് ആണ് കേസെടുത്തത്. ഇടവേള ബാബുവിനെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ഫോര്‍ട്ട് കൊച്ചി പോലീസാണ് മണിയന്‍പിള്ള രാജുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് നടൻ ജയസൂര്യയ്ക്കെതിരേ കേസെടുത്തത്. ലോയേഴ്സ് കോൺഗ്രസ് നേതാവ് വി.എസ്. ചന്ദ്രശേഖരൻ , പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വിച്ചു എന്നിവർക്കെതിരെയും വിവിധ സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏഴ് പേർക്കെതിരേ നടി ആരോപണം ഉന്നയിച്ചത്. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പോലീസ് കടന്നത്.