മാധ്യമപ്രവർത്തകർക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ കൈയ്യേറ്റം; കേന്ദ്ര സർക്കാർ വിവരങ്ങൾ തേടി
Wednesday, August 28, 2024 8:26 PM IST
ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപിയുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മന്ത്രിക്കും സ്റ്റാഫിനും നേരേ ആക്രമണമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ചു.
സംഭവത്തിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് സുരേഷ് ഗോപി പരാതി നൽകിയിട്ടുണ്ട്. രമനിലയം ഗസ്റ്റ്ഹൗസിൽവച്ച് മാധ്യമപ്രവർത്തകർ മാർഗതടസം സൃഷ്ടിച്ചെന്ന് പരാതിയിൽ പറയുന്നു.
അതേസമയം സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശൂര്‍ പോലീസ് കമ്മീഷ്ണറുടെ നിർദേശത്തെ തുടർന്ന് സിറ്റി എസിപിയാണ് അന്വേഷണം തുടങ്ങിയത്.
അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അനിൽ അക്കരെയുടെ മോഴി വ്യാഴാഴ്ച രേഖപ്പെടുത്തും. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്കു തൃശൂർ രാമനിലയത്തിലെത്തിയ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ സൗകര്യമില്ലെന്നും വഴി എന്റെ അവകാശമാണെന്നും പറഞ്ഞ് ക്ഷോഭിച്ചാണ് വാഹനത്തിനു സമീപത്തുനിന്നു കേന്ദ്രമന്ത്രി തള്ളിമാറ്റിയത്.