മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി
Wednesday, August 28, 2024 6:59 PM IST
തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശൂര്‍ പോലീസ് കമ്മീഷ്ണറുടെ നിർദേശത്തെ തുടർന്ന് സിറ്റി എസിപിയാണ് അന്വേഷണം തുടങ്ങിയത്.
അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അനിൽ അക്കരെയുടെ മോഴി വ്യാഴാഴ്ച രേഖപ്പെടുത്തും. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്കു തൃശൂർ രാമനിലയത്തിലെത്തിയ മാധ്യമപ്രവർത്തകരോട്, പ്രതികരിക്കാൻ സൗകര്യമില്ലെന്നും വഴി എന്റെ അവകാശമാണെന്നും പറഞ്ഞ് ക്ഷോഭിച്ചാണ് വാഹനത്തിനു സമീപത്തുനിന്നു കേന്ദ്രമന്ത്രി തള്ളിമാറ്റിയത്.
മുകേഷ് രാജിവയ്ക്കണമോയെന്ന ചോദ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ സുരേഷ് ഗോപി ക്ഷുഭിതനാകുകയും ചോദ്യം ചോദിച്ചവരെ തള്ളുകയുമായിരുന്നു. എന്റെ വഴി എന്റെ അവകാശമാണ് എന്നും ബലപ്രയോഗത്തിനുശേഷം സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു.
തുടർന്ന് ഔദ്യോഗിക വാഹനത്തിൽ കയറിയ സുരേഷ് ഗോപി, ചോദ്യങ്ങൾക്കു മറുപടിപറയാതെ മടങ്ങിയിരുന്നു.