പി.കെ.ശശിക്കെതിരായ അച്ചടക്ക നടപടിക്ക് സിപിഎമ്മില്‍ അംഗീകാരം
Wednesday, August 28, 2024 5:57 PM IST
പാലക്കാട്: പി.കെ.ശശിക്കെതിരായ അച്ചടക്ക നടപടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. പാലക്കാട് ജില്ലാ കമ്മറ്റിയുടെ തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചത്.
ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും പികെ ശശിക്ക് നഷ്ടമാകും. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമാണ് ഉണ്ടാവുക. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമാണ് പി കെ ശശി.
പി കെ ശശിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ ഗുരുതര അച്ചടക്ക ലംഘനമാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി.കെ.ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
"പി.കെ.ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണ്. മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണ്.'
പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വ്യക്തിഗത താല്പര്യങ്ങള്ക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.