സഹീര്‍ ഖാന് ലക്നോ സൂപ്പര്‍ ജയന്റ്സ് മെന്റർ
Wednesday, August 28, 2024 4:51 PM IST
ലക്നോ: ഐപിഎല്‍ ടീമായ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ മെന്ററായി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനെ നിയമിച്ചു. ടീം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടീം ഉടമ സഞ്ജീവ് ഗോയങ്കയാണ് സഹീറിനെ മെന്ററായി പ്രഖ്യാപിച്ചത്.
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ടീം ഡയറക്ടര്‍ കൂടിയായ സഹീറിനെ മെഗാ താരലേലത്തിന് മുമ്പ് മെന്ററാക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ജസ്റ്റിന് ലാംഗറാണ് ടീമിന്റെ മുഖ്യ പരിശീലകന്. ആദം വോഗ്സ്, ലാന്‍സ് ക്ലൂസ്നര്, ജോണ്ടി റോഡ്സ്, ശ്രീധരന് ശ്രീരാം എന്നിവരും പരിശീലക സംഘത്തിലുണ്ട്.
അതിനിടെ ടീം നായകനായ കെ.എല്‍.രാഹുലിനെ ഈ സീസണില്‍ നിലനിര്‍ത്താനിടയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കനത്ത തോല്‍വിക്ക് ശേഷം ലക്നോ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍വെച്ച് കെ.എല്‍.രാഹുലിനെ പരസ്യമായി ശാസിച്ചത് വിവാദമായിരുന്നു.
ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഏതൊക്കെ താരങ്ങളെയാവും ടീം നിലനിര്‍ത്തുക എന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല.