അച്ഛൻ താക്കോൽ നൽകിയില്ല; മകൻ കാർ കത്തിച്ചു
Wednesday, August 28, 2024 12:02 PM IST
മലപ്പുറം: അച്ഛൻ കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല.
കാർ കത്തിച്ചെന്ന മിൻഹാജിന്റെ പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാൻ മകൻ പിതാവിനോട് കാറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താക്കോൽ കൊടുക്കാൻ പിതാവ് തയാറായില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പിതാവ്.
പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.