ബിജെപിയുടെ ബംഗാള്‍ ബന്ദ് പുരോഗമിക്കുന്നു; ഹെല്‍മെറ്റ് ധരിച്ച് ബസ് ഡ്രൈവര്‍മാര്‍
Wednesday, August 28, 2024 10:10 AM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രഖ്യാപിച്ച ബന്ദ് പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വെകുന്നേരം ആറുവരെ 12 മണിക്കൂറാണ് ബന്ദ്. ചൊവ്വാഴ്ച നബന്ന അഭിജന്‍ പ്രതിഷേധ റാലിക്കിടെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നബന്ന പ്രതിഷേധം. പ്രതിഷേധിച്ചവരെ വിട്ടയയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
ബന്ദിനെത്തുടർന്ന് കോല്ക്കത്തയിലുടനീളം കനത്ത പോലീസിനെ വിന്യസിച്ചു. കോല്‍ക്കത്തയില്‍ അടക്കം ബസ് സര്‍വീസുകള്‍ തടസപ്പെട്ടു. കടകള്‍ തുറന്നില്ല. സിലിഗുരി, മേദിനിപുര്‍ എന്നിവിടങ്ങളിലടക്കം ബന്ദ് പൂര്‍ണമാണ്. അതിനിടെ ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് സര്‍വീസ് നടത്തുകയാണ്.
ബന്ദിനെതിരേ ടിഎംസി രംഗത്തെത്തി. ജനങ്ങള്‍ ബന്ദില്‍ പങ്കെടുക്കരുതെന്ന് മമത ബാനര്‍ജി മുഖ്യ ഉപദേഷ്ടാവ് അലപന്‍ ബന്ദോപാധ്യായ ആവശ്യപ്പെട്ടു. സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.