അമ്മയിലെ കൂട്ടരാജി; പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് ഡബ്ല്യുസിസി
Tuesday, August 27, 2024 8:17 PM IST
കൊച്ചി: താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചിതിനു പിന്നാലെ പ്രതികരണവുമായി വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമായാണ്.
പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി.
അമ്മ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് രാജിയെന്ന് മോഹൻലാലിന്റെ വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു.
രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുമെന്നും അതുവരെ താത്കാലിക സംവിധാനമെന്ന നിലയിൽ നിലവിലുള്ള ഭരണസമിതി തുടരുമെന്നും കുറിപ്പിൽ പറയുന്നു.