മിനു മുനീർ ബ്ലാക്ക് മെയില്‍ ചെയ്തു; നിയമനടപടി സ്വീകരിക്കും: മുകേഷ്
Tuesday, August 27, 2024 4:59 PM IST
തിരുവനന്തപുരം: പീഡനാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും എംഎൽഎയുമായ മുകേഷ്. തന്നെ നടി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഒരു ലക്ഷം രൂപയെങ്കിലും തരണമെന്ന് ആവശ്യപ്പെട്ട് വാട്സ് ആപ്പിൽ സന്ദേശം അയച്ചു. 2009 ൽ മീനു കുര്യൻ എന്ന പേരുള്ള സ്ത്രീ തന്റെ വീട്ടിൽ വന്നിരുന്നു. അവസരങ്ങൾക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ശ്രമിക്കാം എന്ന് താൻ മറുപടി നൽകുകയായിരുന്നു. പിന്നീട് തന്റെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ച് മിനു സന്ദേശം അയക്കുകയായിരുന്നു.
ഒരു അനിഷ്ടവും അവര്‍ പ്രകടിപ്പിച്ചില്ല. പിന്നീട് 2022ൽ മിനു മുനീര്‍ എന്ന പേരിൽ പരിചയപ്പെട്ടു. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. മിനുവിന്റെ ഭർത്താവ് എന്നവകാശപ്പെട്ടയാളാണ് ഫോണിൽ വിളിച്ച് വൻ തുക ആവശ്യപ്പെട്ടത്.
ബ്ലാക്ക് ചെയ്തെന്നതിന് തെളിവ് ഉണ്ടെന്നും മുകേഷ് പറഞ്ഞു. അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുകയാണ്.