ആകെയുള്ള ആറു സെന്റില്‍ നിന്നും "സ്നേത്തിന്റെ പാത'വെട്ടിയ നല്ല അയല്ക്കാരന്
Tuesday, August 27, 2024 3:56 PM IST
കോട്ടയം: "എന്റെ ആകെയുള്ള ആറ് സെന്റില്‍ നിന്നും ഒന്നര സെന്റ് പോയാലും അവര്‍ക്ക് വഴിയാകട്ടെ. എന്റെ അച്ഛന് പോയപ്പോള്‍ ഒന്നും കൊണ്ടുപോയില്ല. ആര്‍ക്കും ഒന്നും കൊണ്ടുപോകാനാവില്ല. ഞാന്‍ ചെയ്ത നന്മയ്ക്ക് ദൈവം തരും'- കോട്ടയം വാകത്താനം സ്വദേശി ഇ.എസ്.ബിജുവിന്റെ വാക്കുകളാണിത്.
വീട്ടിലേക്ക് പോകാന്‍ വഴിയില്ലാതിരുന്ന അയല്ക്കാര്ക്ക് സ്വന്തം സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ് അദ്ദേഹം. പാവപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്കാണ് ബിജുവിന്റെ ഈ നന്മയുടെ ഫലം ലഭിക്കുക.
രണ്ട് മാസം മുന്‍പ് വരെ വീട്ടിലേക്ക് എത്താന്‍ ശോശമ്മയ്ക്കും മേരിക്കുട്ടിക്കും ഇവിടെയുള്ള അഞ്ച് വീട്ടുകാര്‍ക്കും വഴിയുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് പോകാനോ രാത്രിയില്‍ സഞ്ചാരിക്കാനോ ഒക്കെ പാടുപെട്ടിരുന്നു ഇവര്‍.
അയല്‍ക്കാരുടെ ഈ വിഷമം മനസിലാക്കിയ നിര്‍മാണ തൊഴിലാളിയായ ബിജു തന്റെ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മനുഷ്യത്വത്തിന്റെ മറ്റൊരുദാഹരണമായി മാറിയ ബിജുവിനെ അഭിനന്ദിക്കുകയാണ് ഇക്കാര്യമറിഞ്ഞവരൊക്കെ...