"എന്റെ വഴി എന്റെ അവകാശം, പ്രതികരിക്കാന്‍ സൗകര്യമില്ല': മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ് ഗോപി
Tuesday, August 27, 2024 2:17 PM IST
തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റുകയും ചെയ്തു.
തൃശൂർ രാമനിലയത്തിലെത്തിയ സുരേഷ് ഗോപി തിരിച്ചുപോകവേയാണ് മാധ്യമപ്രവർത്തകർ ചുറ്റും കൂടിയത്. മുകേഷ് രാജിവയ്ക്കണമെന്ന ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞപ്പോൾ "എന്റെ വഴി എന്റെ അവകാശമാണ്' എന്ന് പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റുകയായിരുന്നു.
ഒന്നും പ്രതികരിക്കാനില്ലേ എന്ന് വീണ്ടും ചോദിച്ചപ്പോൾ "സൗകര്യമില്ല' എന്ന് മറുപടി നല്കിയ ശേഷം അദ്ദേഹം കാറില്‍ കയറിപ്പോകുയും ചെയ്തു.
രാവിലെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് രാവിലെ സുരേഷ് ഗോപി പ്രതികരിച്ചത്.
മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ചു വിടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. "പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്. നിങ്ങൾ കോടതിയാണോ? കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തിരുമാനിക്കും. ഞാൻ പറയാനുള്ളത് പറഞ്ഞു'- സുരേഷ് ഗോപി പറഞ്ഞു.
ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഇതിനു പിന്നാലെ സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തുകയായിരുന്നു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാടെന്നും മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ല. ഒരു നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുകേഷിന്റെ രാജി എഴുതിവാങ്ങാൻ പിണറായി തയാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും സുരേന്ദ്രൻ പറഞ്ഞു.