ആരോപണവിധേയരെ മാറ്റിനിർത്തണം: കെ. സച്ചിദാനന്ദൻ
Tuesday, August 27, 2024 1:54 PM IST
തിരുവനന്തപുരം: സിനിമാ മേഖലയിൽ ആരോപണ വിധേയരെ സിനിമ കോൺക്ലേവിൽ നിന്ന് മാറ്റിനിർത്തണമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. എല്ലാവർക്കും സ്വതന്ത്രമായി പരാതിപ്പെടാൻ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്നും രഞ്ജിത്തിനെതിരേ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവന്നും കെ.സച്ചിദാനന്ദൻ പറഞ്ഞു.
സിനിമ സംഘടനകളിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. ആരോപണ വിധേയർ പങ്കെടുക്കുന്നത് സിനിമ കോൺക്ലേവിന്റെ വിശ്വാസ്യതയെ ബാധിക്കും. പരാതിയുണ്ടെങ്കിൽ എത്ര ഉന്നതനായാലും കേസെടുക്കണം- സച്ചിദാനന്ദൻ പറഞ്ഞു.
സമഗ്ര സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം. നവംബർ അവസാനം കൊച്ചിയിൽ സിനിമ കോൺക്ലേവ് നടന്നേക്കുമെന്നാണ് വിവരം. കെഎസ്എഫ്ഡിസിയ്ക്കാണ് ഏകോപന ചുമതല. 350 ക്ഷണിതാക്കൾ പങ്കെടുക്കും. കോൺക്ലേവിന് മുൻപ് സിനിമ സംഘടനകളുമായി ചർച്ച നടത്തും.
അതേസമയം പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്പി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല.