ആന്ധ്രാപ്രദേശിൽ വാഹനാപകടങ്ങൾ; ഏഴ് പേർക്ക് ദാരുണാന്ത്യം
Tuesday, August 27, 2024 4:45 AM IST
തിരുപ്പതി: ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കടപ്പ ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗുവ്വാലചെരുവ് ഘട്ട് റോഡിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ചിന്തക്കൊമ്മദിന് സമീപം ഉണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന നാല് പേരും കണ്ടെയ്നർ ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാറിൽ യാത്ര ചെയ്ത കുടുംബത്തിനാണ് ദുരന്തമുണ്ടായത്. അതേ ജില്ലയിലെ ചക്രായപേട്ട് മണ്ഡലത്തിലെ കൊന്നപ്പള്ളി ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇവർ.
പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
മറ്റൊരു അപകടത്തിൽ കാർ മറിഞ്ഞാണ് രണ്ട് പേർ മരിച്ചത്. കുർണൂലിൽ നിന്ന് തിരുമലയിലേക്ക് പോവുകയായിരുന്ന കാർ ഇതേ ജില്ലയിലെ ധുവുരു മണ്ഡലത്തിലെ ചിന്തഗുണ്ടയ്ക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ വാഹനം, നിയന്ത്രണം നഷ്ടപ്പെട്ട മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.