ജമ്മുകാഷ്മീർ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്
Tuesday, August 27, 2024 4:36 AM IST
ന്യൂഡൽഹി: ജമ്മുകാഷ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒമ്പത് സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. ദൂരുവിൽ നിന്ന് പാർട്ടി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറും ബനിഹാലിൽ നിന്ന് മുൻ സംസ്ഥാന ഘടകം മേധാവി വികാർ റസൂൽ വാനിയും മത്സരിക്കും.
സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസുമായി (എൻസി) കോൺഗ്രസ് സീറ്റ് പങ്കിടൽ കരാർ ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ജമ്മുകാഷ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യഥാക്രമം 51, 32 സീറ്റുകളിൽ മത്സരിക്കാൻ നാഷണൽ കോൺഫറൻസും കോൺഗ്രസും സമ്മതിച്ചു.
സഖ്യകക്ഷികളായ സിപിഎമ്മിനും ജമ്മുകാഷ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടിക്കും (ജെകെഎൻപിപി) ഓരോ സീറ്റ് വീതം അനുവദിച്ചു. കേന്ദ്രഭരണ പ്രദേശത്തെ അഞ്ച് സീറ്റുകളിൽ സൗഹൃദ മത്സരം നടക്കുമെന്നും അവർ അറിയിച്ചു.
ട്രാൽ സീറ്റിൽ നിന്ന് സുരീന്ദർ സിംഗ് ചന്നി, ദേവ്സറിൽ നിന്ന് അമാനുല്ല മന്തൂ, അനന്ത്നാഗിൽ നിന്ന് പീർസാദ മുഹമ്മദ് സയ്യിദ്, ഇൻദർവാളിൽ നിന്ന് ഷെയ്ഖ് സഫറുള്ള, ഭദർവയിൽ നിന്ന് നദീം ഷെരീഫ്, ദോഡയിൽ നിന്ന് ഷെയ്ഖ് റിയാസ്, ഡോഡ വെസ്റ്റിൽ നിന്ന് പ്രദീപ് കുമാർ ഭഗത് എന്നിവരും മത്സരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സെപ്റ്റംബർ 18നും രണ്ടാംഘട്ടം സെപ്റ്റംബർ 25നും മൂന്നാംഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കും.