ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്കെതിരേ സിപിഎം പ്രവർത്തകൻ; പിന്തുണ ഡിസിസി സെക്രട്ടറിയുടേതെന്ന് ആരോപണം
Monday, August 26, 2024 3:25 PM IST
തലശേരി: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ മുൻ പ്രസിഡന്റ് കെ.പി. സാജുവിനെതിരേ ഹൈക്കോടതിയെ സമീപിച്ച സിപിഎം പ്രവർത്തകന് എല്ലാ പിന്തുണയും നൽകിയത് ഡിസിസി സെക്രട്ടറിയായ കോൺഗ്രസ് നേതാവാണെന്ന് റിപ്പോർട്ട്. തെളിവുകളുമായി കോൺഗ്രസ് നേതാക്കൾ നേതൃത്വത്തെ സമീപിച്ചു.
കോൺഗ്രസിൽനിന്നു സിപിഎമ്മിലേക്ക് പോയ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നതിനു മുമ്പ് ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ എത്തുകയും ഒന്നരമണിക്കൂർ ചർച്ച നടത്തുകയും ചെയ്തതായിട്ടുള്ള ഗുരുതരമായ ആരോപണമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
സിപിഎമ്മുകാരനുമായ പരാതിക്കാരനും ഡിസിസി സെക്രട്ടറിയും ചർച്ച നടത്തുന്ന വിവരം ഇന്ദിരാഗാന്ധി ആശുപത്രി ജീവനക്കാർ കാണുകയും ഭരണസമിതിയംഗങ്ങളെ സംഭവസമയത്ത് തന്നെ അറിയിക്കുകയും ചെയ്തു.
ഭരണസമിതിയംഗങ്ങൾ വിവരം ഡിസിസി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായും സിപിഎം പ്രവർത്തകനുമായി ചർച്ച നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഉന്നത കോൺഗ്രസ് നേതാക്കൾ ഡി സിസി സെക്രട്ടറിയെ ഫോണിൽ വിളിച്ച് വിശദീകരണം തേടിയിരുന്നതായുംആശുപത്രി ഭരണസമിതിയംഗം ദീപികയോട് പറഞ്ഞു.