ആരോപണവിധേയൻ നയരൂപീകരണ സമിതിയിൽ; സർക്കാർ നയം വ്യക്തമെന്ന് ഷാഫി
Monday, August 26, 2024 2:39 PM IST
തിരുവനന്തപുരം: സിനിമാ നയരൂപീകരണസമിതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ആരോപണ വിധേയരായവരെ നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാരിന്റെ നയം വ്യക്തമാണെന്ന് ഷാഫി പ്രതികരിച്ചു.
സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് വ്യക്തമായി. ലൈംഗികാരോപണം നേരിടുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് ഷാഫി പരിഹസിച്ചു.
ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിച്ചാൽ മതിയായിരുന്നു. പലതും വാക്കുകളിൽ മാത്രമാക്കി ഒഴിയുകയാണ് സർക്കാർ. മന്ത്രിക്കും എംഎൽഎക്കും മാത്രമല്ല ഈ സർക്കാരിന് തന്നെ തുടരാൻ യോഗ്യതയില്ലെന്നും ഷാഫി പറഞ്ഞു.