ബംഗളൂരു-എറണാകുളം വന്ദേഭാരത് നീട്ടുമോ?: പ്രതീക്ഷയോടെ കേരളം
എസ്.ആർ.സുധീർ കുമാർ
Monday, August 26, 2024 2:20 PM IST
കൊല്ലം: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരികെയും സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് നീട്ടുമോ എന്ന കാര്യത്തിൽ പ്രതീക്ഷയോടെ കേരളം. ഈ റൂട്ടിൽ ത്രൈവാര വന്ദേ ഭാരത് സർവീസാണ് നിലവിൽ ഓടിക്കൊണ്ടിരുന്നത്.
ജൂലൈ 31- ന് ആരംഭിച്ച സ്പെഷൽ സർവീസ് ഇന്ന് അവസാനിക്കുകയാണ്. തുടർ സർവീസുകൾ ഉണ്ടാകുമോ അതോ സ്ഥിരം സർവീസ് ആക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഒന്നുമില്ല. ഇക്കാര്യത്തിൽ ഇന്ന് റെയിൽവെയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ റെയിൽ യാത്രികർ കരുതുന്നത്.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ എറണാകുളത്തേയ്ക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമായിരുന്നു സർവീസ്. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് രാത്രി പത്തിന് ബംഗളൂരുവിലും തിരികെ രാവിലെ 5.30 -ന് ബംഗളുരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തുന്നതുമായിരുന്നു നിലവിലെ സമയക്രമം. ഇതനുസരിച്ച് ഇന്ന് വണ്ടി എറണാകുളത്ത് എത്തുന്നതോടെ സർവീസിന് സമാപനമാകും.
റെയിൽവേയുടെ വിലയിരുത്തൽ അനുസരിച്ച് നിലവിൽ ഇരുദിശയിലും സർവീസ് സൂപ്പർ ഹിറ്റാണ്. സീറ്റുകൾ എല്ലാം ഫുൾ ആയിരുന്നു എല്ലാ സർവീസുകളിലും. മിക്ക ദിവസങ്ങളിലും വെയിറ്റിംഗ് ലിസ്റ്റിൻ്റെ എണ്ണവും 100 കടക്കുകയുണ്ടായി.
അതുകൊണ്ട് മാത്രം സർവീസ് നീട്ടുമെന്ന് തന്നെയാണ് യാത്രക്കാരുടെ പ്രതീക്ഷ. വണ്ടി സ്ഥിരം സംവിധാനമാക്കണമെന്ന് ബംഗളുരുവിലെ മലയാളി സംഘടനകളും കേരളത്തിലെ യാത്രക്കാരുടെ സംഘടനകളും റെയിൽവേ മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
നിലവിൽ എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനാണ് സർവീസ് നടത്തിയിരുന്നത്. ഓണം അടുത്ത സാഹചര്യത്തിൽ ഈ റൂട്ടിൽ യാത്രികരുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്.
ബംഗളുരു കന്റോൺമെന്റിൽ നിന്ന് വണ്ടി പുറപ്പെടുന്നത് രാവിലെ 5.30 നാണ്. ഇത് 6.30 ലേയ്ക്ക് മാറ്റണമെന്നും യാത്രികർ ആവശ്യപ്പെടുന്നു. കന്റോൺമെൻ്റ് സ്റ്റേഷനിൽ രാവിലെ 5.30 ന് എത്തുന്നതിന് പരിമിതമായ യാത്രാ സൗകര്യങ്ങളെ ഉള്ളൂ. അതിനാലാണ് വണ്ടി ഒരു മണിക്കൂർ വൈകി പുറപ്പെടണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്. ഇക്കാര്യത്തിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ നിലപാട് യാത്രക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
ഓണക്കാല തിരക്ക് ഒഴിവാക്കുന്നതിന് ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സെപ്റ്റംബർ 18 വരെ ദ്വൈവാര സ്പെഷൽ ട്രെയിൻ ആരംഭിച്ചിട്ടുണ്ട്. സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകളായാണ് ഇവ സർവീസ് നടത്തുന്നത്.
ഈ ട്രെയിനുകളിൽ അമിതമായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്ന ആക്ഷേപവും വ്യാപകമായി ഉയർന്നിട്ടുണ്ട്. മാത്രമല്ല നിലവിൽ സർവീസ് നടത്തിയിരുന്ന കൊച്ചു വേളി - യശ്വന്ത്പുർ ഗരീബ് രഥ് എക്സ്പ്രസ് കാൻസൽ ചെയ്ത ശേഷം അതിന്റെ കോച്ചുകളാണ് സ്പെഷൽ ട്രെയിനിൽ ഉപയോഗിക്കുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പ്രതിദിനം സർവീസ് നടത്തുന്ന ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ ജനറൽ കോച്ചുകളുടെ എണ്ണം പരിമിതമാണ്. മിക്കപ്പോഴും രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളേ ഉണ്ടാകാറുള്ളൂ. ഇത് അഞ്ച് ആയി ഉയർത്തിയാൽ ഈ ട്രെയിനിലെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും.