പുകവലിച്ചും വീഡിയോകോള്‍ ചെയ്തും പ്രതി; ദര്ശന് ജയിലിലും "സൂപ്പര്‍ സ്റ്റാര്‍'
Monday, August 26, 2024 10:12 AM IST
ബംഗളൂരു: രേണുകാസ്വാമി(33) വധക്കേസില്‍ പ്രതിയായ കന്നഡ സൂപ്പര്‍ താരം ദര്ശന് ബംഗളൂരു ജയിലില്‍ വിഐപി പരിഗണനയെന്ന് സൂചന. കഴിഞ്ഞദിവസം താരം പുല്‍ത്തകിടിയില്‍ കസേരയിട്ടിരുന്ന് മറ്റ് മൂന്ന് പേരുമായി ചേര്‍ന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ നടന് വീഡിയോകോള്‍ ചെയ്ത ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്. മഞ്ഞ ടീ-ഷര്‍ട്ട് ധരിച്ച ഒരാള്‍ വീഡിയോ കോളില്‍ മറ്റൊരാളുമായി സംസാരിക്കുന്നതും പിന്നീട് ദര്‍ശനുമായി ആശയവിനിമയം നടത്തുന്നതും കാണാം. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താരം കര്‍ട്ടനുകളുള്ള, നല്ല വെളിച്ചമുള്ള മുറിയിലാണ് ഇരിക്കുന്നത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രേണുകസ്വാമിയുടെ പിതാവ് രംഗത്തെത്തി. പ്രതിഷേധം വ്യാപകമായതോടെ ജയില്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പരപ്പന അഗ്രഹാര ജയിലില്‍ പരിശോധന നടത്താനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡയറക്ടര്‍ ജനറല്‍ പ്രിസണ്‍സ് മാലിനി കൃഷ്ണ മൂര്‍ത്തി ഉത്തരവിട്ടു.
കന്നഡ നടിയും ദര്‍ശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതിന്റെ പശ്ചാത്തലത്തില്‍ ദര്ശന് ഇയാളെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി എന്നതാണ് കേസ്. ജൂണ്‍ എട്ടിനാണ് ബംഗളൂരുവില്‍ രേണുകസ്വാമി അതി ദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ ദര്‍ശനും പവിത്രയുമടക്കം 17 പ്രതികളാണുള്ളത്. ജൂണ്‍ 22 മുതല്‍ ദര്ശന് ജയിലിലാണ്.