ജമ്മു കാഷ്മീര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്
Monday, August 26, 2024 9:01 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ നിയമസഭാ തെരഞ്ഞെപ്പിടുനുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ച പ്രഖ്യപിച്ചേക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആകും പ്രഖ്യാപിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപം നല്‍കിയിരുന്നു. കോണ്‍ഗ്രസും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി 13 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 18ന് ആണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിധിയെഴുത്ത്. കാഷ്മീര്‍ താഴ്വരയിലെ 16 മണ്ഡലങ്ങളിലും ജമ്മു മേഖലയിലെ എട്ടു മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
10 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ജമ്മുവില്‍ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇക്കുറി കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് ദിവസങ്ങളിലാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് ഫല പ്രഖ്യാപനം.
2019ല്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. നിലവില്‍ ജമ്മു കാഷ്മീര്‍, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് ഇവിടെയുള്ളത്.