സിദ്ധിഖിനെതിരേ പോക്സോ ചുമത്തണം; കൊച്ചി പോലീസ് കമ്മീഷണർക്ക് പരാതി
Sunday, August 25, 2024 1:10 PM IST
കൊച്ചി: യുവ നടി രേവതി സമ്പത്ത് ആരോപണമുന്നയിച്ച പശ്ചാത്തലത്തിൽ നടൻ സിദ്ധിഖിനെതിരെ പോലീസിൽ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്ന് പരാതിയിലെ ആവശ്യം. ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് നടന് സിദ്ദിഖ് "അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
യുവ നടി രേവതി സമ്പത്ത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സിദ്ദിഖിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വ്യക്തമാക്കി.
പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ദുരനുഭവമുണ്ടായത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിനെതിരേ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അതേസമയം ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.