റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം, സഹകരിക്കുന്ന കൂട്ടുകാരികളുണ്ടോ എന്നും ചോദിച്ചു: രേവതി സമ്പത്ത്
Sunday, August 25, 2024 11:38 AM IST
തിരുവനന്തപുരം: "അമ്മ' ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതിനു പിന്നാലെ നടൻ റിയാസ് ഖാനെതിരേയും ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്.
റിയാസ് ഖാനിൽനിന്ന് വളരെ മോശം അനുഭവമുണ്ടായെന്നും സെറ്റിൽ നിന്നും നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച താരം തന്നോട് വളരെ മോശമായി സംസാരിച്ചെന്നും നടി ആരോപിച്ചു.
താൻ പ്രതികരിച്ചപ്പോൾ ഫോൺ കട്ട് ചെയ്ത് പോയി. കൂടാതെ, സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താനും റിയാസ് ഖാൻ തന്നോട് പറഞ്ഞുവെന്നും രേവതി കൂട്ടിച്ചേർത്തു.
സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു രാജി വച്ചാൽ മാത്രം പോരാ, മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്നും രേവതി സമ്പത്ത് പറഞ്ഞു.
സിദ്ദിഖിന്റെ രാജി അത്ര നിഷ്കളങ്കമായി തോന്നുന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്നു നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ പോലീസിൽ പരാതി നൽകി നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും രേവതി പറഞ്ഞു.