മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇന്ന് തെരച്ചില്‍ നടത്തും
Sunday, August 25, 2024 6:08 AM IST
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്ന് വീണ്ടും തെരച്ചില്‍ നടത്തും. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെയുള്ള മേഖലയിലാണ് ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തുക. ദുരന്തബാധിതര്‍ ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്ന് പ്രത്യേക തെരച്ചില്‍ നടത്തുന്നത്.
ടി സിദ്ദിഖ് എം എല്‍ എയാണ് ഇക്കാര്യം അറിയിച്ചത്. സേനകളെയും സന്നദ്ധപ്രവര്‍ത്തകരെയും ചേര്‍ത്തുള്ള പ്രത്യേക സംഘമാകും ദുരന്തമേഖലയില്‍ തെരച്ചില്‍ നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. സംഘത്തില്‍ 14 അംഗങ്ങളാകും ഉണ്ടാകുക. തെരച്ചിലിന് ആവശ്യമുള്ള ആയുധങ്ങള്‍ എത്തിക്കാന്‍ ദുരന്തമേഖലയില്‍ മറ്റൊരു സംഘമുണ്ടാകും.
അതേസമയം വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. രണ്ടു ക്യാമ്പുകളിലായി ശേഷിച്ച എട്ടു കുടുംബങ്ങള്‍ കൂടി വാടക വീടുകളിലേക്ക് മാറി. ഇതോടെ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉള്ള നടപടി തുടങ്ങി.