രഞ്ജിത്ത് രാജിവയ്ക്കണം, ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ
Saturday, August 24, 2024 2:57 PM IST
തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരേ ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
രഞ്ജിത്ത് രാജിവയ്ക്കണമെന്നും അദ്ദേഹത്തിനെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.
പവര്‍ ഗ്രൂപ്പില്‍ സിപിഎമ്മിന് വേണ്ടപ്പെട്ട ആളുകളുണ്ടെന്ന് ഓരോ ദിവസം കഴിയുമ്പോഴും തെളിയിക്കപ്പെടുകയാണ്. 1978ലെ എസ്എഫ്ഐക്കാരനാണെന്ന് എപ്പോഴും പറയുന്ന ആളാണ് രഞ്ജിത്ത്. അതിജീവിതയെ വേദിയിലേക്ക് കൊണ്ടുവന്ന് കൈയടി നേടിയിട്ടുള്ള ആളാണ് അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ കഥ പറയുന്ന സിനിമയില്‍ തന്നെ പക്ഷേ അദ്ദേഹം സിനിമയിലെ വില്ലന്‍ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായി പരകായപ്രവേശം ചെയ്തു- രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.
പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ഈ പരാതിയിലെങ്കിലും എഫ്ഐആറിട്ട് അന്വേഷണം നടത്താന്‍ തയാറാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.