കുട്ടിയുടെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവം; ആശുപത്രി ജീവനക്കാര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ
Saturday, August 24, 2024 12:34 PM IST
ആലപ്പുഴ: കുട്ടിയുടെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ട്. ജീവനക്കാര്‍ക്കെതിരേ കൂട്ടനടപടിക്ക് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
ഉപയോഗിച്ചശേഷം അലക്ഷ്യമായിട്ട സൂചിയാണ് കുട്ടിയുടെ കാലിൽ കുത്തിക്കയറിയത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ജീവനക്കാര്‍, അസിസ്റ്റന്റുമാര്‍, ശൂചീകരണത്തൊഴിലാളികള് തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക.
കഴിഞ്ഞ ജൂലൈ 19നാണ് സംഭവം. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ഏഴ് വയസുകാരന്റെ തുടയിൽ അത്യാഹിത വിഭാഗത്തിലെ കിടക്കയിൽനിന്ന് സൂചി തുളച്ചുകയറുകയായിരുന്നു. സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു.
കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ച് എച്ച്ഐവി ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തേണ്ടി വന്നു. കുട്ടിക്ക് വർഷങ്ങളോളം തുടർച്ചയായി എച്ച്ഐവി ടെസ്റ്റ് നടത്തേണ്ട അവസ്ഥയിലാണ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.