രഞ്ജിത്തിനെത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്: മന്ത്രി സജി ചെറിയാൻ
Saturday, August 24, 2024 12:08 PM IST
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെത്തിനെതിരായ ആരോപണത്തില്‍ പുതിയ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്. രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോപണത്തിന്റെ പേരില്‍ കേസെടുക്കാനാകില്ലെന്ന മന്ത്രിയുടെ പ്രതികരണത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ഇന്ന് രാവിലെയാണ് രഞ്ജിത്തിനെ പിന്തുണച്ചുകൊണ്ട് മന്ത്രി രംഗത്തെത്തിയത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. ആരോപണത്തിന്റെ പേരില്‍ കേസെടുക്കാനാകില്ല. പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നുമായിരുന്നു പ്രതികരണം.
കഴിഞ്ഞദിവസമാണ് നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.
സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന് ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ല. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ലെന്നുമായിരുന്നു വെളിപ്പെടുത്തൽ.