വാഹനാപകടത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടു; ഡ്രൈവർ അറസ്റ്റിൽ
Saturday, August 24, 2024 6:58 AM IST
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ രണ്ടാഴ്ചയിലേറെ മുമ്പ് അപകടത്തിൽ മരിച്ച മൂന്ന് വയസുകാരിയുടെ മൃതദേഹം പോലീസ് വെള്ളിയാഴ്ച പുറത്തെടുത്തു.
സാവന്ത്വാഡി തഹ്സിലിലെ മാലേവാഡിയിൽ വാഹനമിടിച്ചാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവറെ അപകടമുണ്ടാക്കിയതിനും തെളിവ് നശിപ്പിച്ചതിനും അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചത്തീസ്ഗഢിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഓഗസ്റ്റ് അഞ്ചിനുണ്ടായ അപകടത്തിന് ശേഷം, ഡ്രൈവറും സഹായിയും പെൺകുട്ടിയുടെ മാതാപിതാക്കളും ചേർന്ന് മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും കോടതിയുടെ അനുമതിയോടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.