സ്ത്രീധന പീഡനം; യുവതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
Saturday, August 24, 2024 12:53 AM IST
ലക്നോ: സ്ത്രീധന പീഡനത്തെ തുടർന്ന് കെട്ടിടത്തിന്റെ 11-ാം നിലയിൽ നിന്നും ചാടി യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 32കാരിയാണ് മരിച്ചത്.
ആരതി എന്നാണ് മരിച്ച യുവതിയുടെ പേര്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി നന്ദ് ഗ്രാം പോലീസ് അറിയിച്ചു. പ്രതിയായ ഭർത്താവ് മായങ്ക് ത്യാഗിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ മായങ്ക്, അച്ഛൻ വിനോദ്, അമ്മ സാധന എന്നിവർ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ആരതിയുടെ അച്ഛൻ രാജീവ് ത്യാഗി പരാതി നൽകി.
2020 ജനുവരി 15 നാണ് മായങ്കുമായുള്ള ആരതിയുടെ വിവാഹം നടന്നത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ആരതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് രാജീവ് ത്യാഗി പരാതിയിൽ ആരോപിക്കുന്നു.
ആരതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആരതിയുടെ മരണം ആത്മഹത്യയെ തുടർന്നാണോ അതോ ഭർത്താവും ബന്ധുക്കളും ചേർന്ന് കെട്ടിടത്തിൽ നിന്ന് ബലമായി വലിച്ചെറിഞ്ഞതാണോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.