ചർച്ച വിജയം; ട്രക്ക് തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു
Friday, August 23, 2024 8:24 PM IST
കൊച്ചി : ബോണസ് പ്രശ്നത്തിൽ ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്ന ട്രക്കിലെ തൊഴിലാളികളുമായുള്ള തർക്കം പരിഹരിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാലിന്റെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ ചർച്ചയിലാണ് തർക്കം പരിഹരിച്ചത്.
ചർച്ചയുടെ അടിസ്ഥാനത്തിൽ ട്രക്ക് ഡ്രൈവർമാർക്ക് കഴിഞ്ഞ വർഷം ലഭിച്ച ബോണസ് തുകയായ 10,500 രൂപയോടൊപ്പം 1000 രൂപ വർധിപ്പിച്ചു 11,500 രൂപ നൽകും. ആവശ്യമുള്ളവർക്ക് 5000 രൂപ അഡ്വാൻസായും ക്ലീനർമാർക്ക് ബോണസ് ആയി 6000 രൂപയും ലഭിക്കും.
ഈ തുക സെപ്റ്റംബർ 10ന് മുൻപായി വിതരണം ചെയ്യാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ തൊഴിലാളി - ട്രക്ക് ഉടമ പ്രതിനിധികൾ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ എം.വി.ഷീല, എറണാകുളം ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ എന്നിവർ പങ്കെടുത്തു.