സ്മിത്തിനും ബ്രൂക്കിനും അര്‍ധസെഞ്ചുറി; ശ്രീലങ്കയ്ക്കെതിരേ ലീഡ് പിടിച്ച് ഇംഗ്ലണ്ട്
Friday, August 23, 2024 11:27 AM IST
മാഞ്ചസ്റ്റര്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം കളിനിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ് ആതിഥേയർ. 72 റണ്‍സുമായി ജാമീ സ്മിത്തും നാലു റൺസുമായി ഗസ് അറ്റ്കിൻസണുമാണ് ക്രീസിൽ. നിലവിൽ ഇംഗ്ലണ്ടിന് 23 റൺസിന്റെ ലീഡുണ്ട്.
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 236 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. 67 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ബെന്‍ ഡക്കറ്റ് (18), ഒല്ലി പോപ്പ് (ആറ്), ഡാനിയേല്‍ ലോറന്‍സ് (30) എന്നിവര്‍ തുടക്കത്തില്‍ മടങ്ങി. ഡക്കറ്റിനെയും പോപ്പിനെയും അശിത ഫെർണാണ്ടോ പുറത്താക്കിയപ്പോൾ ഡാൻ ലോറൻസിനെ വിശ്വ ഫെർണാണ്ടോയാണ് മടക്കിയത്.
പിന്നാലെ ക്രീസിൽ ഒന്നിച്ച ജോ റൂട്ട് - ഹാരി ബ്രൂക്ക് (56) സഖ്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 42 റൺസെടുത്ത റൂട്ടിനെ പുറത്താക്കി അശിത ഫെർണാണ്ടോ ലങ്കയ്ക്ക് വീണ്ടും ബ്രേക്ക്ത്രൂ നല്കി.
പിന്നീട് ക്രീസിലെത്തിയ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്ക് റൺസ് ഉയർത്തി. ഇരുവരും ചേർന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. നാലു ഫോർ ഉൾപ്പെടെ 56 റൺസെടുത്ത ബ്രൂക്കിനെ വീഴ്ത്തി പ്രഭാത് ജയസൂര്യ വരവറിയിച്ചു. തുടര്‍ന്നെത്തിയ ക്രിസ് വോക്സും (25) ജയസൂര്യയ്ക്ക് ഇരയായി മടങ്ങിയതോടെ ഇംഗ്ലണ്ട് ആറിന് 239 റൺസെന്ന നിലയിലായി.
മികച്ച ഫോമിൽ ക്രീസിലുള്ള ജാമി സ്മിത്ത് ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടെയാണ് 72 റൺസെടുത്തത്.
നേരത്തെ, ധനഞ്ജയ ഡി സില്‍വ (74), മിലന് രത്നായകെ (72) എന്നിവരുടെ മികച്ച ഇന്നിംഗ്സാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.