പല രാജ്യങ്ങൾക്കും ഇന്ത്യയോടുള്ള കാഴ്ചപ്പാട് മാറി; ലോകം ഇന്ത്യയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നു: രാജ്നാഥ് സിംഗ്
Friday, August 23, 2024 10:48 AM IST
ന്യൂയോർക്ക്: പല രാജ്യങ്ങൾക്കും ഇന്ത്യയോടുള്ള കാഴ്ചപ്പാട് മാറിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലോകം ഇന്ന് ഇന്ത്യയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. ഇന്ത്യക്ക് ഒരിക്കലും മറ്റുള്ളവരെ പിന്നിൽ നിന്ന് കുത്താൻ കഴിയില്ലെന്നും വസുധൈവ കുടുംബകം എന്ന സന്ദേശമാണ് രാജ്യം ഈ ലോകത്തിനായി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം ഇന്ന് വർധിച്ചു വരികയാണ്. ആഗോളവേദികളിൽ ഇന്ത്യ എന്ത് സംസാരിക്കുന്നു എന്നത് ലോകം ശ്രദ്ധയോടെ കേൾക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയോടുള്ള മറ്റ് രാജ്യങ്ങളുടെ കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർക്ക് ഈ കാര്യത്തിൽ ചിലപ്പോൾ ആശങ്കയുണ്ടായിരിക്കാം. എന്നാൽ ഇന്ത്യയുടെ യശസ് ഉയർന്നുവെന്ന് ആത്മവിശ്വാസത്തോടെ തന്നെ പറയാൻ സാധിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
മടിയന്മാരായ ആളുകളുള്ള ഒരു ദരിദ്ര രാജ്യമാണ് ഇന്ത്യയെന്നായിരുന്നു മുൻപ് പലരുടേയും ധാരണ. എന്നാലിന്ന് ആ ധാരണ പൂർണമായും മാറി. പണ്ട് അയൽരാജ്യങ്ങൾ പോലും ഇന്ത്യയെ ഏത് സമയവും ആക്രമിക്കാമെന്ന് കരുതിയിരുന്നു. എന്നാൽ ഇന്ത്യ ഒരിക്കലും ദുർബല ശക്തിയല്ലെന്ന് അവർ മനസിലാക്കിക്കഴിഞ്ഞു. 2027ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യയായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
നാലുദിവസത്തെ സന്ദർശനത്തിനായാണ് രാജ്നാഥ് സിംഗ് ഇന്ന് യുഎസിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം പ്രാവശ്യം അധികാരമേറ്റതിനുശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി യുഎസ് സന്ദർശിക്കുന്നത്.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 31 എം ക്യു9ബി പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതി രാജ്നാഥ് സിംഗ് കൂടിക്കാഴ്ചയിൽ ഉന്നയിക്കും.
പ്രതിരോധമേഖലയിൽ തദ്ദേശീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭേദഗതികളോടെയാണ് ഇന്ത്യൻ ഡിഫൻസ് അക്വസിഷൻ കൗണ്സിൽ ഡ്രോണുകൾ വാങ്ങാനുള്ള അനുമതി നൽകിയിരിക്കുന്നത്.
സ്ട്രൈക്കർ ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചേർന്ന് പരിഗണിക്കുന്ന പദ്ധതിക്കുപുറമെ ഇന്ത്യയിൽ ജിഇഎഫ് 414 ജെറ്റ് എൻജിനുകളുടെ സഹനിർമാണവും ഓസ്റ്റിനുമായി നടക്കുന്ന ചർച്ചയിൽ വിഷയമാകും.