ത്രിപുരയിൽ വെള്ളപ്പൊക്കം രൂക്ഷം; ഏഴു പേർ കൂടി മരിച്ചു
Friday, August 23, 2024 12:27 AM IST
ഗോഹട്ടി: കഴിഞ്ഞ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നാശം വിതച്ച ത്രിപുരയിലെ വെള്ളപ്പൊക്കം വ്യാഴാഴ്ചയും രൂക്ഷമായി.
ദക്ഷിണ ത്രിപുരയിൽ മണ്ണിടിച്ചിലിൽ സ്ത്രീകളും കുട്ടികളുമടക്കം ഏഴു പേർ മരിച്ചു. ഇതോടെ മരണസംഖ്യ 19 ആയി ഉയർന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് എട്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങളിൽ സഹായവും പിന്തുണയും നൽകുന്നതിനായി വ്യോമസേന രംഗത്തുണ്ട്. കൂടുതൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ദുരിതാശ്വാസ സാമഗ്രികൾ അഗർത്തലയിലേക്ക് എത്തിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ എത്താനും കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
ഗോമതി, തെക്കൻ ത്രിപുര, ഉനകോട്ടി, പടിഞ്ഞാറൻ ത്രിപുര ജില്ലകളിലെ നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. ധലായ്, ഖോവായ്, ദക്ഷിണ ത്രിപുര, പടിഞ്ഞാറൻ ത്രിപുര, വടക്കൻ ത്രിപുര, ഉനകോട്ടി എന്നീ ആറ് ജില്ലകളിൽ നദികൾ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. എട്ട് ജില്ലകളിലും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് 65,400-ലധികം ആളുകൾക്ക് അഭയം നൽകുന്നതിനായി ഓഗസ്റ്റ് 19 മുതൽ ജില്ലാ ഭരണകൂടം 450 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ദുരിതബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു.
2,032 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. അതിൽ 1,789 സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. 1,952 സ്ഥലങ്ങളിൽ റോഡുകൾ തകർന്നു. അതിൽ 579 റോഡുകൾ ഇതുവരെ പുനഃസ്ഥാപിച്ചു. അഗർത്തലയിൽ നിന്നുള്ള എല്ലാ റെയിൽവേ സർവീസുകളും റദ്ദാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.
ഗോമതി, തെക്കൻ ത്രിപുര എന്നിവിടങ്ങളിലും മറ്റ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും ടെലിഫോൺ നെറ്റ്വർക്ക് തകരാറിലായി. വെള്ളിയാഴ്ച സംസ്ഥാനത്ത് പലയിടത്തും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനമൊട്ടാകെയും നാളെ നാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.