സിനിമയിൽ പവർ ഗ്രൂപ്പുണ്ട്; ഒരു സംവിധായകന് മോശമായി പെരുമാറി: നടി ഉഷ
Thursday, August 22, 2024 4:59 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാണെന്നും ഇരകൾ പരാതി നൽകാൻ തയാറാകണമെന്നും നടി ഉഷ ഹസീന. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ചിലർ മോശമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ആളുകളിൽ പലരും വിവിധ സംഘടനകളുടെ ഉന്നത സ്ഥാനത്തിരിക്കുന്നുണ്ട്. അങ്ങനെയുള്ളവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവർ ഇതുതന്നെ തുടരും. അവർക്കെതിരെ നടപടിയെടുക്കുകയും മാറ്റിനിർത്തുകയും വേണമെന്നും ഉഷ ഹസീന പറഞ്ഞു.
താൻ ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ സംവിധായകൻ വലിയ കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞിരുന്നു. തുടർന്ന് ബാപ്പയുടെ കൂടെയാണ് ഷൂട്ടിംഗിന് പോയത്. ഈ സംവിധായകന് ഓരോ രീതികളുണ്ട്. നമുക്ക് വലിയ സ്വാതന്ത്ര്യമാണ് ആദ്യ ദിവസങ്ങളിൽ തരിക. പിന്നീട് മുറിയിലേക്ക് ചെല്ലാൻആവശ്യപ്പെടും.
എന്നോട് പറഞ്ഞപ്പോൾ ഞാൻ ബാപ്പയേയും കൂട്ടിയാണ് ചെന്നത്. പിന്നെ സെറ്റിൽ ചെന്നപ്പോൾ വളരെ മോശമായി പെരുമാറി. ഒരിക്കൽ സഹികെട്ട് ചെരിപ്പൂരി അടിക്കാൻ ചെന്നുവെന്നും മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും ഉഷ വ്യക്തമാക്കി.