പതിമൂന്നുകാരിയെ തിരികെ എത്തിക്കും; വനിത എസ്ഐ അടക്കമുള്ളവർ വിശാഖപട്ടണത്തേക്ക് തിരിച്ചു
Thursday, August 22, 2024 10:23 AM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ തിരികെ കൊണ്ടുവരുന്നതിനായി വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു. രാവിലെ ആറിന് കൊച്ചുവേളിയില്‍നിന്നാണ് നാലംഗ സംഘം യാത്ര തിരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ വിജയവാഡയില്‍ എത്തുന്ന ഇവര്‍ ഇവിടെനിന്നാണ് പിന്നീട് വിശാഖപട്ടണത്തേക്ക് പോവുക. കുട്ടിയെ ബുധനാഴ്ച വൈകിട്ടോടെയാണ് വിശാഖപട്ടണത്തു നിന്നും കണ്ടെത്തിയത്. ആർപിഎഫിന്റെ സംരക്ഷണയിലാണുള്ള കുട്ടിയെ നിലവിൽ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
നിലവിൽ രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പോലീസ് അറിയിച്ചു.