റെയിൽവേയിൽ ജോലി വാഗ്ദാനം; തട്ടിയെടുത്തതു കോടികൾ
Wednesday, August 21, 2024 8:13 PM IST
തലശേരി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ തലശേരി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി ഗീതാറാണി മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ഗീതാറാണി സമാനമായ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
കൊയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാ റാണി ഉൾപ്പെടെ മൂന്നുപേരെ പ്രതി ചേർത്ത് ടൗൺ പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയും സിപിഎം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ചൊക്ലി നാടുബ്രത്തെ കെ. ശശിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ ഇപ്പോൾ റിമാൻഡിലാണുള്ളത്. കേസിലെ രണ്ടാംപ്രതി ശരത്ത് (അജിത്ത്) ഒളിവിലാണ്. റെയിൽവേ റിക്രൂട്ടിംഗ് ബോർഡ് സീനിയർ ഓഫീസർ ചമഞ്ഞാണ് ഗീതാറാണി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു. ശ്രീകുമാറിന് ആദ്യം റെയിൽവേയിൽ ക്ലർക്ക് ജോലിയാണ് വാഗ്ദാനം ചെയ്തത്.
18 ലക്ഷം രൂപയാണ് ഇതിനായി കൈപ്പറ്റിയത്. ഒറിജിനലിനെ വെല്ലുന്ന നിയമനക്കത്ത് നൽകുകയും തൃശിനാപ്പിള്ളിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസംതന്നെ ബിടെക് ഉള്ളതിനാൽ ട്രെയിൻ മാനേജർ പോസ്റ്റ് നൽകാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ കൂടി വാങ്ങി.
നിയമനക്കത്ത് നൽകുകയും ബംഗളൂരുവിൽ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകുകയുമായിരുന്നു. ജോലിയിൽ ചേരാൻ ചെന്നപ്പോഴാണ് വൻതട്ടിപ്പ് സംഘത്തിന്റെ വലയിലാണ് തങ്ങൾ പെട്ടിട്ടുള്ളതെന്ന് ഉദ്യോഗാർഥികളും ബന്ധുക്കളും മനസിലാക്കുന്നത്.