ലാലിനെ തിലകന് ഇഷ്ടമായിരുന്നു; കൂളിംഗ് ഗ്ലാസ് മാറുന്ന നടനും വേട്ടയാടി: അമ്പലപ്പുഴ രാധാകൃഷ്ണന്
Wednesday, August 21, 2024 3:13 PM IST
ആലപ്പുഴ: സിനിമാമേഖലയിലെ ദുരനുഭവങ്ങളെക്കുറിച്ച് ഉറ്റ സുഹൃത്തായ തിലകന് തന്നോട് സംസാരിച്ചിരുന്നതായി അമ്പലപ്പുഴ രാധാകൃഷ്ണന്. താന്‍ എന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ക്രൂശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. വ്യക്തിപരമായ പ്രശ്നം അല്ല, സിനിമയിലെ മാഫിയ ആയിരുന്നു പിന്നിലെന്ന് രാധാകൃഷ്ണന് ആരോപിച്ചു.
തിലകന് എപ്പോഴും പറയുന്ന ഒരു പേര് നടന് ഇടവേള ബാബുവിന്റേതായിരുന്നു. അവന് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയാതെ കൂളിംഗ് ഗ്ലാസ് മാറുന്ന നടന് എന്നായിരുന്നു തിലകന് പറഞ്ഞിരുന്നത്.
കൂളിംഗ് ഗ്ലാസ് സിനിമയില്‍ ഉപയോഗിക്കുന്ന നടന് ആരാണെന്ന് എല്ലാവര്ക്കും അറിയാം. ആ നടന്റെ മകന്റെ കൂടെ അഭിനയിക്കാന്‍ വിലക്ക് കല്പിച്ചവര് അദ്ദേഹത്തെ ക്ഷണിച്ചു. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ക്ഷണം.
മലയാള സിനിമയില്‍ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് തിലകൻ അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലേ വിരല്‍ ചൂണ്ടിയിരുന്ന ഒരു വ്യക്തി ഉണ്ട്. അയാള്‍ അഴി എണ്ണും എന്ന് തിലകന് അന്നേ പറഞ്ഞു. അയാള്‍ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാന്‍ സാധിച്ചില്ലെന്ന് രാധാകൃഷ്ണന് പറഞ്ഞു.
മോഹന്‍ലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു. ലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാല്‍ തന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നത് അദ്ദേഹത്തിന്റെ സങ്കടമായിരുന്നു.
വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷം വന്നു. തിലകനെ വച്ച് സീരിയല്‍ എടുക്കാന്‍ വന്ന ആളെവരെ വിലക്കി. തിലകന് ഉണ്ടെങ്കില്‍ മറ്റാരും കാണില്ലെന്ന് പറഞ്ഞു. വിലക്കിയത് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗണേഷ് കുമാര്‍ പ്രസിഡന്റ് ആയ സംഘടന ഉള്ളിടത്തോളം കാലം എടുക്കാന്‍ കഴിയില്ലെന്ന് തിലകന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്പലപ്പുഴ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍. തിലകന് പറഞ്ഞത് ഓരോന്നും ശരിയാണെന്നു ഹേമ കമ്മിറ്റി അടിവരയിടുന്നു. അന്തസുള്ളവരാണെങ്കില്‍ അമ്മയും ഫെഫ്കയും പിരിച്ചു വിടണം. കേരള സമൂഹത്തോട് മാപ്പ് പറയണം. തിലകനെന്ന മഹാനടനോട് ചിലർ കാണിച്ച ക്രൂരത നിമിത്തം എത്രമഹത്തായ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് നഷ്ടമായതെന്നും രാധാകൃഷ്ണന് ചോദിച്ചു.