ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് ആഘോഷിച്ച് സോഷ്യല്‍ മീഡിയ
Tuesday, August 20, 2024 12:43 PM IST
കോഴിക്കോട്: ഏറെനാൾ കാത്തിരുന്ന് ഒടുവില്‍ മലയാള സിനിമയിലെ ഉള്ളുകളികള്‍ വ്യക്തമാക്കി പുറത്തുവന്ന ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയെയും പിടിച്ചുകുലുക്കുന്നു. റിപ്പോര്‍ട്ടിലെ പ്രമുഖരുടെ പേരുകൾ ഒഴിവാക്കിയതിനെ എതിര്‍ത്ത് വലിയൊരുവിഭാഗം രംഗത്തെത്തുമ്പോള്‍ തെളിവുകളില്ലാതെ ഇതെല്ലാം പുറത്തുവന്നിട്ട് എന്തിനാണെന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു.
നാലരവര്‍ഷം കാത്തിരുന്ന ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ എല്ലാവര്ക്കും അറിയുന്നതും നേരത്തെ പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ വിവരങ്ങൾ മാത്രമാണുള്ളതെന്നാണു സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പ്രമുഖ നടന്, മുന്‍ നിരനായകന്‍, സംവിധായകന്, ഇടനിലക്കാര്‍ തുടങ്ങി സ്ഥിരം പല്ലവിതന്നെയാണ് റിപ്പോര്‍ട്ടിലുള്ളതെന്നും സ്ത്രീകളോട് മോശമായി പെരുമാറിയവരുടെ പേരു പുറത്തുവിടാത്തത് എന്താണെന്നുമാണ് ചോദ്യമുയരുന്നത്.
എന്തായാലും വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. പ്രമുഖര്‍ക്ക് പേരുമില്ല... നാടുമില്ല പുല്ല്... എന്നാണ് ഒരു ട്രോള്‍, സിനിമാക്കാര് അത്ര വലിയ സംഭവമാണോ, പട്ടാളക്കാര്‍ക്കോ കര്‍ഷകനോ ഈ രീതിയിലുള്ള പരിഗണന ലഭിക്കുന്നുണ്ടോ... സിനിമാക്കാര്‍ക്ക് നല്കുന്ന ഓവര്‍ പ്രിവിലേജാണ് പ്രശ്നം സാറേ, എന്നാണ് മറ്റൊന്ന്.
എന്തായാലും അന്തിചര്‍ച്ചയ്ക്ക് വകയായി... രണ്ടു ദിവസം കഴിഞ്ഞാല്‍ പിന്നെ ഒന്നുമില്ല... ഇത്രയും നാളും പലതും ഉള്ളിലൊതുക്കി... ഇനി അത് നടക്കില്ല, അവസരം ലഭിക്കാന്‍ നിന്നു കൊടുത്തിട്ട് ഇപ്പോ കിടന്ന് മെഴുകുന്നത് എന്തിനാ... ചുമ്മാ...മറ്റൊരു ട്രോള്‍.
മലയാള സിനിമയില്‍ മാത്രമേ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഉള്ളോ ആവോ, ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് കണ്ട്, ഞെട്ടി, കിടുങ്ങി. കമ്മീഷൻ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങളും സ്വയം പടച്ചുണ്ടാക്കി വിടുന്നവരും കുറവല്ല. മലയാള സിനിമ നിയന്ത്രിക്കുന്നത് 15 പേര് എന്നാണ് അതിലൊന്ന്. എന്തായാലും ട്രോളുകള്‍ക്കും ചര്‍ച്ചകള്‍ക്കും രണ്ടുദിവസത്തേക്ക് ക്ഷാമമുണ്ടാകില്ലെന്നതുറപ്പാണ്.