കാൽപാദം മസാജ് ചെയ്ത് തരണമെന്ന ആവശ്യം നിരസിച്ചു; യുവാവ് പിതാവിനെ അടിച്ചു കൊന്നു
Monday, August 19, 2024 6:14 AM IST
മുംബൈ: കാൽപാദം മസാജ് ചെയ്ത് തരണമെന്ന ആവശ്യം നിരസിച്ചതിലുള്ള ദേഷ്യത്തിൽ മകൻ പിതാവിനെ അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
62കാരനായ ദത്താത്രേയ ഷെൻഡെയെ മകൻ കുശാൽ ഷെൻഡെ(31) ആണ് കൊലപ്പെടുത്തിയത്. ഇയാൾ അറസ്റ്റിലാണ്.
ക്രിമിനൽ പശ്ചാത്തലമുള്ള കുശാൽ, തന്റെ പാദങ്ങൾ മസാജ് ചെയ്യാനുള്ള ആവശ്യം നിരസിച്ചതിനെ തുടർന്ന് പിതാവ് ദത്താത്രേയ ഷെൻഡെയുടെ നെഞ്ചിലും വയറിലും വാരിയെല്ലുകളിലും തലയിലും ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഘർഷത്തിൽ ഷെൻഡെയുടെ മൂത്തമകൻ പ്രണവ് ഇടപെടാൻ ശ്രമിച്ചെങ്കിലും കുശാൽ ഇയാളെ ഭീഷണിപ്പെടുത്തി. സഹായമഭ്യർഥിച്ച് അയൽവാസിയുടെ വീട്ടിലേക്ക് ഓടിയെത്തിയ പ്രണവ് തിരിച്ചെത്തിയപ്പോൾ പിതാവ് സാരമായ പരിക്കുകളോടെ ബോധരഹിതനായി കിടക്കുകയായിരുന്നു.
ദാത്താത്രേയ ഷിൻഡയെ ഉടൻ തന്നെ മയോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൊലപാതകക്കുറ്റം ചുമത്തിയാണ് കുശാലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വരെ കോടതി ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.