പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർഥാടകനെ രക്ഷപെടുത്തി അഗ്നിശമന സേന
Sunday, August 18, 2024 6:44 AM IST
പത്തനംതിട്ട: പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർഥാടകനെ രക്ഷപെടുത്തി അഗ്നിശമന സേന. ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ബംഗുളൂരു സ്വദേശി ആനന്ദ് (36) ആണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുളിക്കാൻ ശ്രമിക്കുന്നതിനിടെ, ഒഴുകിപ്പോയ യുവാവ് നദിയിൽ അഗ്നിശമന സേന വലിച്ചു കെട്ടിയിരുന്ന കയറിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.
എന്നാൽ പിടിവിട്ട് മുങ്ങിപ്പോകുകയായിരുന്നു. ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് വന്ന അഗ്നിശമന സേന ഓഫീസർമാരായ ബിജു , രതീഷ്, കണ്ണൻ എന്നിവർ ഇത് കണ്ട ഉടൻ നീന്തിച്ചെന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.