അമ്മയെ കൊലപ്പെടുത്തിയ മകളും പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റിൽ
Sunday, August 18, 2024 4:45 AM IST
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഡ് മേഖലയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ യുവതിയും പ്രതിശ്രുതവരനും സുഹൃത്തും അറസ്റ്റിൽ.
മോണിക്ക, നരേല സ്വദേശിയായ നവീൻ കുമാർ, ഇയാളുടെ സുഹൃത്ത് ഹരിയാനയിലെ സോനിപത്തിൽ നിന്നുള്ള യോഗേഷ് എന്ന യോഗി എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് കോൾ ലഭിക്കുന്നത്. നജഫ്ഗഡ് മെയിൻ മാർക്കറ്റിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിൽ 58 കാരിയായ അമ്മ തനിച്ചാണ് താമസിക്കുന്നതെന്നും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും അറിയിച്ച് മോണിക്കയാണ് പോലീസിനെ വിളിച്ചത്.
ഒരു ദിവസം മുമ്പ് താൻ അമ്മയെ സന്ദർശിച്ചിരുന്നുവെന്നും അപ്പോൾ അവർക്ക് കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അവർ പറഞ്ഞു. പോലീസ് എത്തി മുറിയുടെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ സുമതി എന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.
ഇവരുടെ കണ്ണിലും ഇരുകൈകളിലും മുറിവുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടത്തിലെ സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും പുലർച്ചെ 2.18 ന് ഫ്ലാറ്റിലേക്ക് വരുന്നതായി പോലീസ് കണ്ടെത്തി.
ഈ സ്ത്രീ മോണിക്കയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൂടെയുണ്ടായിരുന്നവർ നവീൻ, യോഗേഷ് എന്നിവരാണെന്നും പോലീസ് കണ്ടെത്തി. മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സൻഹിത സെക്ഷൻ 103 (1) പ്രകാരം കേസെടുക്കുകയും ചെയ്തു.