കാഫിർ വിവാദം; വക്കീൽ നോട്ടീസ് അയക്കേണ്ടത് ആഭ്യന്തര മന്ത്രിക്കെന്ന് പാറക്കൽ അബ്ദുള്ള
Saturday, August 17, 2024 6:55 PM IST
കോഴിക്കോട്: കാഫിർ വിവാദത്തിൽ റിബേഷ് അയച്ച വക്കീൽ നോട്ടീസ് 2024 ലെ വലിയ തമാശയെന്ന് മുസ്ലീം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള. എത്ര ദിവസമെടുത്താലും മറുപടി അർഹിക്കാത്ത ഒരു വക്കീൽ നോട്ടീസാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
നോട്ടീസ് അയക്കേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും വിവാദം അന്വേഷിച്ച വടകരയിലെ പോലീസിനുമാണെന്നും അബ്ദുള്ള പറഞ്ഞു. സിപിഎമ്മിന്റെ ഇത്തരം ഒരുപാട് ഭീഷണി നേരിട്ടിട്ടുണ്ട്.
താൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ല. ടി.പി. വധക്കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീലിനെക്കൊണ്ടാണ് തനിക്കെതിരെയും വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് തന്നെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.