കാഫിർ വിവാദം; ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളക്ക് റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചു
Saturday, August 17, 2024 4:28 PM IST
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്ലീം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളക്ക് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചു. വിവാദവുമായി ബന്ധപ്പെട്ട് അബ്ദുള്ള നടത്തിയ പ്രചാരണങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് റിബേഷ് നോട്ടീസ് അയച്ചിരിക്കുന്നത്.
മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുള്ള തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നും റിബേഷ് ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് അബ്ദുള്ള ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത വിവരങ്ങൾ തനിക്കെതിരേ തെറ്റിദ്ധാരണ പടർത്തുന്നു. പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ആളുകൾ സംശയത്തോടെ നോക്കുന്നതായി റിബേഷ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.