ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
Friday, August 16, 2024 6:27 AM IST
തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ദേശീയ പുരസ്കാരം വൈകീട്ട് മൂന്നിന് ഡൽഹിയിലും സംസ്ഥാന പുരസ്കാരം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്തും പ്രഖ്യാപിക്കും.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുക. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.
അരഡസൻ ചിത്രങ്ങളിൽ നിന്നാകും പ്രധാന പുരസ്കാരങ്ങളെല്ലാം പ്രഖ്യാപിക്കുക. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതൽ ദ കോർ, 2018, എവരി വൺ ഈസ് എ ഹീറോ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങൾ പരിഗണനയിലുണ്ട്.
ക്രിസ്റ്റോ ടോമി, ബ്ലസി, ജിയോ ബേബി, ജൂഡ് ആന്റണി ജോസഫ്, റോബി വർഗീസ് രാജ് തുടങ്ങിയവർ മികച്ച സംവിധായകരുടെ വിഭാഗത്തിലും മത്സരിക്കുന്നു.
മികച്ച നടനെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ മമ്മൂട്ടിയും പൃഥിരാജും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസുമാണ് ഉള്ളത്. പാർവതി തിരുവോത്ത്, ഉർവശി എന്നിവർ ഉള്ളൊഴുക്കിലെ അഭിനയമികവിൽ മികച്ച നടിമാരുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
ദേശീയ പുരസ്കാരത്തിന് മലയാളത്തിന് പ്രതീക്ഷകൾ വാനോളമാണ്. മികച്ച നടനാകാൻ ദേശീയതലത്തിലും മമ്മൂട്ടിയുടെ പേര് മുൻപന്തിയിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാന അവാർഡ് നേടിയ നൻപകൽ നേരത്ത് മയക്കത്തിലെയും റോഷാക്കിലെയും അഭിനയ മികവാണ് ദേശീയ പുരസ്കാരത്തിൽ മമ്മൂട്ടിയുടെ പേര് ഉയർന്നു കേൾക്കാൻ കാരണം. കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടിയും പട്ടികയിലുണ്ട്. കാന്താരയിലെ പ്രകടത്തിനാണ് ഋഷഭ് മത്സരിക്കുന്നത്.