രാജസ്ഥാനിൽ കടുവയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
Friday, August 16, 2024 3:15 AM IST
ജയ്പൂർ: രാജസ്ഥാനിലെ അൽവാറിലെ സരിസ്ക കടുവാ സങ്കേതത്തിൽ നിന്നും പുറത്തുചാടിയ കടുവ ഖൈർതാൽ-തിജാര ജില്ലയിൽ റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ ആക്രമിച്ചു.
ബസ്നി ഗ്രാമത്തിലെ താമസക്കാരനായ റെയിൽവേ ജീവനക്കാരൻ വികാസ് കുമാർ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ അജർക്ക (ഖൈർത്തൽ-തിജാര) റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാൻ ഇയാൾ സഹോദരനെ വിളിച്ചു. കുമാർ സഹോദരനെ കാത്തുനിൽക്കുമ്പോൾ കടുവ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഒരു ബൈക്ക് വരുന്നത് കണ്ട് കടുവ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ കുമാറിന് ഗുരുതരമായി പരിക്കേറ്റു.
കുമാറിനെ ആക്രമിച്ചതിന് ശേഷം കടുവ അടുത്തുള്ള ദർബാർപൂർ ഗ്രാമത്തിൽ എത്തി. രാവിലെ 11ഓടെ സതീഷ് (45), ബിനു (30), മഹേന്ദ്ര (33) എന്നീ മൂന്ന് പേരെ കടുവ ആക്രമിച്ചു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ മറ്റൊരു യുവാവിനെയും കടുവ ആക്രമിച്ചിരുന്നു.
കടുവ കാരണം ഗ്രാമത്തിലെ ജനങ്ങൾ ഭീതിയിലാണെന്നും സ്കൂൾ അടച്ചുവെന്നും ദർബാർപൂർ സർപഞ്ച് വീർ സിംഗ് പറഞ്ഞു. സമീപ പ്രദേശങ്ങളിലുള്ളവരോട് വീടിന് പുറത്തിറങ്ങരുതെന്ന് ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകി.