പുഞ്ചിരിമട്ടത്ത് ഇനി ജനവാസം സാധ്യമല്ല; ചൂരൽമലയിൽ ഭൂരിഭാഗം സ്ഥലവും വാസയോഗ്യമെന്ന് വിദഗ്ധ സംഘം
Thursday, August 15, 2024 5:56 PM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുഞ്ചിരിമട്ടത്ത് ഇനി ജനവാസം സാധ്യമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തിയ ശേഷമാണ് സംഘത്തിന്റെ പ്രതികരണം.
ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിർമാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാ കാൻ കാരണം അണക്കെട്ട് പ്രതിഭാസം മൂലമാണെന്നും വിദഗ്ധ സംഘം വ്യക്തമാക്കി. കനത്ത മഴയാണ് ഉരുൾപൊട്ടൽ മേഖലയിൽ പെയ്തതത്.
രണ്ട് ദിവസം കൊണ്ട് പ്രദേശത്ത് 570 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് അസാധാരണ സംഭവമാണ്. വനപ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ മരങ്ങൾ ഉൾപ്പെടെ താഴേക്ക് പതിച്ചിട്ടുണ്ട്.
ഇത് പുഴയുടെ വീതി കുറഞ്ഞ സീതമ്മക്കൂണ്ട് എന്ന സ്ഥലത്ത് അടിഞ്ഞ് ഒരു താത്കാലിക ഡാം രൂപപ്പെട്ടു. ഈ സംഭരണി പിന്നീട് പൊട്ടി. ഈ ശക്തിയിലാണ് വീടുകൾ അടക്കം ഒലിച്ചുപോയതെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി.
ഒരു സ്ഥലത്ത് ഉരുൾ പൊട്ടിയാൽ വീണ്ടും ഉടൻ ഉരുൾ പൊട്ടാൻ സാധ്യതയില്ല. ഇതിന് കുറച്ച് കാലമെടുക്കും. എന്നാലും ഈ പ്രദേശത്ത് നിലനിൽക്കുന്ന വീടുകളിൽ ദീർഘ നാളത്തേക്ക് ജനവാസം സാധ്യമല്ലെന്ന് സംഘം വ്യക്തമാക്കി.