കേരളം അതീവ ദുഃഖത്തിലാണ്, അതിജീവിക്കണം; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി
Thursday, August 15, 2024 10:04 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് സംസ്ഥാനം സ്വാതന്ത്രദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം മാത്രമല്ല ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഷമിച്ചിരുന്നിട്ട് കാര്യമില്ല, ദുരന്തത്തെ അതിജീവിക്കേണ്ടതുണ്ട്. നാടിന്റെ പൊതുവായ അതിജീവനത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം.
കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണം. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21-ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ രാജ്യത്തിനാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ഇതിന് വര്‍ഗീയതയും ജാതി ചിന്തയുമെല്ലാം ആയുധമാക്കുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.