അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു; കയറും ലോഹഭാഗങ്ങളും കണ്ടെത്തി
Wednesday, August 14, 2024 7:24 PM IST
ബംഗളൂരു : ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നേവിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് ലോറിയുടെ ലോഹ ഭാഗങ്ങളും തടി കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തി.
ലോറിയുടെ ഗിയറിന്റെ ഭാഗമാണെന്ന് കരുതുന്ന ലോഹങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടേതാണോ എന്ന് ഉറപ്പിക്കാൻ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ഇതിനായി ഭാരത് ബെന്‍സ് കമ്പനിക്ക് ലോഹഭാഗങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട്.
ഈശ്വര്‍ മല്‍പെ സംഘത്തിനൊപ്പം നാവിക സേനയുടെ ഡൈവിംഗ് ടീമും പുഴയിലിറങ്ങി പരിശോധന നടത്തുന്നുണ്ട്. കയർ അർജുന്റെ ലോറിയിൽ തടി കെട്ടിയിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഡ്രഡ്ജർ എത്തിച്ച് വരും ദിവസങ്ങളിൽ ശക്തമായ തെരച്ചിൽ നടത്താനാണ് തീരുമാനം.