അർജുനായുള്ള തിരച്ചിൽ; വാഹനത്തിൽ തടി കെട്ടാൻ ഉപയോഗിച്ച കയർ കണ്ടെത്തി
Wednesday, August 14, 2024 3:29 PM IST
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചിലിൽ ട്രക്കിൽ തടി കെട്ടാൻ ഉപയോഗിച്ച കയർ കണ്ടെത്തി. ഗംഗാവാലി പുഴയിൽ നേവി നടത്തിയ തിരച്ചിലിലാണ് കയർ കണ്ടെത്തിയത്. ഇത് തന്റെ ട്രക്കിൽ ഉണ്ടായിരുന്ന കയറാണെന്ന് വാഹന ഉടമ മനാഫ് നേവിയെ അറിയിച്ചു.
തകര്‍ന്ന ട്രക്കിന്റെ ചില ലോഹഭാഗങ്ങളും നേവിയുടെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് തന്റെ ട്രക്കിന്റേതല്ലെന്ന് മനാഫ് പ്രതികരിച്ചു. അപകടത്തില്‍പെട്ട മറ്റൊരു ടാങ്കറിന്റെ ഭാഗമാകാം കണ്ടെത്തിയതെന്നും ഇയാൾ പറഞ്ഞു. പുഴയുടെ രണ്ട് ഭാഗങ്ങളിലായി നാവികസേനയുടെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ തുടരുകയാണ്.
അതേസമയം പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെ ഏഴ് തവണ ഗംഗാവാലിപുഴയുടെ അടിത്തട്ടിലേക്ക് പോയി പരിശോധിച്ചെങ്കിലും ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല. മല്‍പെ ആദ്യം നടത്തിയ തിരച്ചിലിൽ ട്രക്കിന്റെ ലോഹഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇതും അര്ജുന് ഓടിച്ച ലോറിയുടെ ഭാഗമല്ലെന്ന് മനാഫ് പ്രതികരിച്ചിരുന്നു.