അര്‍ജുനായുള്ള തിരച്ചില്‍: ഏഴ് തവണ ഡൈവ് ചെയ്ത് മല്‍പെ; ഒന്നും കണ്ടെത്താനായില്ല
Wednesday, August 14, 2024 12:41 PM IST
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടി ഇന്ന് രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തായില്ല. പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെ ഏഴ് തവണ ഗംഗാവാലിപുഴയുടെ അടിത്തട്ടിലേക്ക് പോയി പരിശോധിച്ചെങ്കിലും ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല.
മല്‍പെ ആദ്യം നടത്തിയ തിരച്ചിലിൽ ട്രക്കിന്റെ ലോഹഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അര്ജുന് ഓടിച്ച ലോറിയുടെ ഭാഗമല്ലെന്ന് വാഹന ഉടമ മനാഫ് പ്രതികരിച്ചു. ഇതോടെ മണ്ണിടിച്ചില്‍ അപകടത്തില്‍പെട്ട മറ്റേതെങ്കിലും ട്രക്കിന്റെ ഭാഗമാകാം ഇതെന്നാണ് സൂചന.
എസ്ഡിആര്‍എഫും നാവികസേനയും സ്ഥലത്ത് പുഴയിൽ തിരച്ചില്‍ നടത്തുന്നുണ്ട്. നിലവില്‍ മഴ കുറഞ്ഞുനില്ക്കുന്നതും ആശ്വാസമാണ്.
ഉച്ചയ്ക്ക് ശേഷം കൂടുതൽ ഡൈവർമാർ പുഴയിൽ ഇറങ്ങും. പ്രതികൂല കാലാവസ്ഥയും ഗംഗാവാലി പുഴയിലെ ഒഴുക്കും കാരണം നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്.